1970-കളില്‍ കോഴിക്കോടിനെ ഞെട്ടിപ്പിച്ച സംഭവമാണ് കണ്ണഞ്ചേരിയിലെ സുലേഖ വധക്കേസ്. സുലേഖ എന്ന മുസ്‌ലിം യുവതിയെ രവി എന്ന ചെറുപ്പക്കാരന്‍ നടുറോഡില്‍ കുത്തിക്കൊല്ലുകയായിരുന്നു. കൊലപാതകത്തിനുശേഷം സുലേഖയുടെ മൃതദേഹവും കെട്ടിപ്പിടിച്ച് റോഡില്‍ക്കിടന്ന രവിയെ നാട്ടുകാര്‍ പോലീസിലേല്‍പ്പിച്ചു. കാമുകിയായ സുലേഖയെ രവി കൊന്നുവെന്നതിന് മതിയായ തെളിവില്ലെന്ന് പറഞ്ഞ് ജില്ലാകോടതി അയാളെ വെറുതെവിട്ടു. പക്ഷേ, കേസ് ഹൈക്കോടതിയിലെത്തിയപ്പോള്‍ അയാള്‍ക്ക് ഒമ്പതുവര്‍ഷം തടവുശിക്ഷ ലഭിച്ചു. ശിക്ഷ കഴിഞ്ഞിറങ്ങിയ ഉടന്‍ രവി ആത്മഹത്യ ചെയ്തു.
പണ്ടെങ്ങോ കേട്ടുമറന്നൊരു പത്രവാര്‍ത്തയില്‍ നിന്നാണ് 'വെള്ളരിപ്രാവിന്റെ ചങ്ങാതി' എന്ന സൂപ്പര്‍ഹിറ്റ് സിനിമ പിറവിയെടുത്തതെന്നു പറയാന്‍ തിരക്കഥാകൃത്ത് ജി.എസ്. അനിലിന് മടിയൊന്നുമില്ല. അതുതന്നെയാണ് സിനിമയുടെ ഏറ്റവും വലിയ കരുത്തെന്നു പറയും, അനില്‍. ഈ നാട്ടില്‍ ജനിച്ചുവളര്‍ന്ന്, പരസ്പരം പ്രണയിച്ച്, ആ പ്രണയം കൊണ്ടുമാത്രം ജീവന്‍ ബലിയര്‍പ്പിക്കേണ്ടിവന്ന രണ്ടു മനുഷ്യര്‍ക്ക് വെള്ളിത്തിരയില്‍ ഉയിര്‍പ്പ് നല്‍കാനായതിന്റെ നിര്‍വൃതിയിലാണ് അനിലിപ്പോള്‍.
കോഴിക്കോട് ചേളന്നൂര്‍ പെരുമ്പൊയില്‍ സ്വദേശിയായ അനിലിന് സ്‌കൂള്‍കാലത്ത് നാടകത്തിലായിരുന്നു താത്പര്യം. കോളേജിലെത്തിയതോടെ ഇഷ്ടം എഴുത്തിലേക്ക് വഴിമാറി. 'അല' സംഘടിപ്പിച്ച പ്രഥമതിരക്കഥാമത്സരത്തില്‍ ഒന്നാംസമ്മാനം അനിലിന്റെ 'കാഴ്ച' എന്ന തിരക്കഥയ്ക്കായിരുന്നു. അന്ന് ലോഹിതദാസിന്റെ കൈയില്‍നിന്നാണ് അനില്‍ അവാര്‍ഡ് തുകയായ അയ്യായിരം രൂപയും ഫലകവും വാങ്ങിയത്. ജേണലിസത്തില്‍ ഡിപ്ലോമ നേടി സ്വകാര്യചാനലിന്റെ കോഴിക്കോട് ലേഖകനായി കുറച്ചുനാള്‍ പ്രവര്‍ത്തിച്ചു. യാദൃച്ഛികമായാണ് സീരിയലെഴുതാന്‍ അവസരം ലഭിക്കുന്നത്. ഏഷ്യാനെറ്റിനുവേണ്ടി തോമസ് സെബാസ്റ്റ്യന്‍ സംവിധാനം ചെയ്ത 'ചിത്രലേഖ'യായിരുന്നു തുടക്കം. പിന്നീട് 'കായംകുളം കൊച്ചുണ്ണി', 'മിന്നല്‍ കേസരി', 'ഹലോ മായാവി', 'സൂര്യകാലടി'... ഇതുവരെ ആയിരത്തിലേറെ എപ്പിസോഡുകള്‍ക്ക് വേണ്ടി തിരക്കഥയൊരുക്കി.
സീരിയലുകളുടെ തിരക്കുകളില്‍ അമരുമ്പോഴും മനസ്സിലെന്നും സിനിമയുണ്ടായിരുന്നുവെന്ന് അനില്‍ പറയുന്നു. ശരത്ചന്ദ്രന്‍ വയനാട് ഒരുക്കിയ 'അന്നൊരിക്കല്‍' എന്ന സിനിമയ്ക്ക് സംഭാഷണങ്ങളെഴുതി. കുറേ ചിത്രങ്ങളുടെ തിരക്കഥാരചനയില്‍ പങ്കാളിയായി. അപ്പോഴും സ്വന്തമായൊരു ചിത്രത്തിന് തിരക്കഥയെഴുതണമെന്ന സ്വപ്നം ബാക്കി. ആദ്യഅംഗീകാരം നേടിത്തന്ന 'കാഴ്ച' സിനിമയാക്കണമെന്നതായിരുന്നു മോഹം. ആയിടയ്ക്കാണ് സീരിയല്‍നടനും നിര്‍മാതാവുമായ അരുണ്‍ഘോഷിനെ പരിചയപ്പെടുന്നത്. കഥാപരിസരം കുറച്ചുകൂടി വിശാലമാക്കി മാറ്റിയെഴുതിയാല്‍ 'കാഴ്ച' യില്‍ നല്ലൊരു സിനിമയുണ്ടെന്ന് അനിലിന് ആത്മവിശ്വാസം പകരുന്നത് അരുണാണ്. സുഹൃത്ത് ബിജോയ്ചന്ദ്രനൊപ്പം ചേര്‍ന്ന് ഈ സിനിമ നിര്‍മിക്കാമെന്നും അരുണ്‍ ഏറ്റു. അവര്‍ക്കുവേണ്ടി ഒന്നരദിവസംകൊണ്ട് അനില്‍ വണ്‍ലൈന്‍ പൂര്‍ത്തിയാക്കി. വണ്‍ലൈന്‍ കേട്ട സംവിധായകന്‍ അക്കുഅക്ബര്‍ ചിത്രം ചെയ്യാന്‍ തയ്യാറായി.
ആരെ അഭിനയിപ്പിക്കും എന്നതായി പിന്നീടുള്ള ചോദ്യം. പൂര്‍ണമായി പുതുമുഖങ്ങളെ അണിനിരത്തുന്നൊരു കൊച്ചുചിത്രമായിരുന്നു തിരക്കഥാകൃത്തിന്റെ താത്പര്യം. രണ്ടു ദിവസത്തിനുശേഷം തീരുമാനിക്കാമെന്നുപറഞ്ഞ് അക്കു അക്ബര്‍ നേരേ ഊട്ടിയിലേക്ക് വണ്ടികയറി. ചൈനാടൗണിന്റെ സെറ്റിലെത്തി ദിലീപിനോട് കഥ പറഞ്ഞു. കഥ കേട്ടയുടന്‍ ദിലീപ് അക്കുവിന് കൈകൊടുത്തു. ഒരു പ്രോജക്ട് സംഭവിക്കുകയായിരുന്നു.
ദിലീപ് സമ്മതംമൂളിയതോടെ ചിത്രത്തിന്റെ പ്രവര്‍ത്തനങ്ങളെല്ലാം അതിവേഗത്തിലായി. മനോജ് കെ. ജയന്‍, കാവ്യ മാധവന്‍, ഇന്ദ്രജിത്ത്, ലാല്‍, മാമുക്കോയ... കഥാപാത്രങ്ങളാകാന്‍ മികച്ച നടീനടന്മാരെത്തന്നെ കിട്ടി. പൊള്ളാച്ചിയിലും ഒറ്റപ്പാലത്തുമായി രണ്ടു ഷെഡ്യൂളുകളിലായി ചിത്രം പൂര്‍ത്തിയാകുകയും ചെയ്തു. കഴിഞ്ഞ ക്രിസ്മസ് നാളിലാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. ഉത്സവസമയമായതിനാല്‍ സിനിമ എങ്ങനെ സ്വീകരിക്കപ്പെടുമെന്നോര്‍ത്ത് നല്ല ടെന്‍ഷനുണ്ടായിരുന്നെന്ന് അനില്‍ പറയുന്നു. ''ദിലീപിന്റെ പതിവുകോമഡിയും മാനറിസങ്ങളുമെല്ലാം ഒഴിവാക്കിയുള്ളൊരു ചിത്രമാണിത്. കഥയാണിതില്‍ യഥാര്‍ഥ നായകന്‍. ദിലീപിനോളം തന്നെ പ്രാധാന്യം മനോജ് കെ. ജയനും ഇന്ദ്രജിത്തിനുമുണ്ട്. സിനിമയ്ക്കുള്ളില്‍ ഒരു സിനിമയുടെ കഥ പറയുന്ന രീതി ആളുകള്‍ക്കിഷ്ടപ്പെടുമോ എന്ന ആശങ്കയുമുണ്ടായിരുന്നു. ഏറ്റുമുട്ടുന്നതോ സൂപ്പര്‍താരചിത്രങ്ങളോടും. ദൈവം സഹായിച്ച് വെള്ളരിപ്രാവിനെ എല്ലാവര്‍ക്കുമിഷ്ടപ്പെട്ടു. ആദ്യഷോ തൊട്ട് തിയേറ്ററുകള്‍ നിറയുകയും ചെയ്തു.''
ആദ്യസിനിമ ഹിറ്റായതോടെ അനിലിനെ തേടി അവസരങ്ങളുടെ ഒഴുക്കാണിപ്പോള്‍. മോഹന്‍ലാല്‍ ചിത്രം 'ജനകന്‍' സംവിധാനം ചെയ്ത സഞ്ജീവിനുവേണ്ടിയാണ് അനില്‍ അടുത്ത തിരക്കഥയൊരുക്കുന്നത്. അക്കുഅക്ബര്‍-ദിലീപ് കൂട്ടുകെട്ടിനായും സംവിധായകന്‍ ബിപിന്‍ പ്രഭാകറിനുവേണ്ടിയും തിരക്കഥകളൊരുക്കാമെന്ന് സമ്മതം മൂളിയിട്ടുണ്ട്. ''കാശിനുവേണ്ടി വാരിവലിച്ച് സിനിമകള്‍ക്കെഴുതാന്‍ ആഗ്രഹമില്ല. കേട്ടുപഴകിയിട്ടില്ലാത്ത പുത്തന്‍ പ്രമേയങ്ങള്‍ക്ക് വേണ്ടിയുള്ള അന്വേഷണത്തിലാണ്. അതുകിട്ടിയില്ലെങ്കില്‍ എഴുതുകയുമില്ല. ജീവിക്കാന്‍ സീരിയല്‍ എഴുത്തുതന്നെ ധാരാളം'' - വന്നവഴി മറക്കുന്നില്ല
No comments:
Post a Comment